ന്യൂഡൽഹി: കോടതികളിൽ കേസുകൾ തീർപ്പാവാൻ വൈകുന്നത് കൂടുതൽ ബാധിക്കുന്നത് പാവങ്ങളെയും ഇടത്തരക്കാരെയുമാണെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. രാജ്യത്ത് 30 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന 4.29 ലക്ഷം കേസുകളുണ്ട്. കോർപ്പറേറ്റുകൾക്കും പണക്കാർക്കും കാത്തിരിക്കാൻ പ്രയാസമില്ല. എന്നാൽ, പാവപ്പെട്ടവർക്ക് അതുസാധിക്കില്ലെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഭരണഘടനാദിനാഘോഷത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡിനുശേഷം സാഹചര്യം കൂടുതൽ രൂക്ഷമാകും. പരിമിതമായ കേസുകൾമാത്രമാണ് കോവിഡ് കാലത്ത് പരിഗണിക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി 3.61 കോടി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അതിൽ 4.29 ലക്ഷം കേസുകൾ 30 വർഷത്തിലേറെ പഴക്കമുള്ളതാണ്. അതായത് അമ്പതോ അറുപതോ വയസ്സിൽ കേസ് നൽകുന്ന ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് അതിന്റെ ഫലപ്രാപ്തി കാണാനായെന്നുവരില്ല.
കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് 1987-ലെ ലോ കമ്മിഷൻ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ടെന്നും കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. പത്തുലക്ഷം പേർക്ക് 50 ജഡ്ജിമാർ എന്ന അനുപാതമാകണമെന്നും റിപ്പോർട്ട് ശുപാർശചെയ്തിരുന്നു. 2018-ൽ പത്തുലക്ഷം പേർക്ക് 19 ജഡ്ജിമാരാണുള്ളത്. നിലവിൽ രാജ്യത്ത് 20,558 ജഡ്ജിമാരുണ്ട്. 1.36 ലക്ഷം ജഡ്ജിമാർ ആവശ്യമാണ്. കീഴ്‌ക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്തണം. സംസ്ഥാനങ്ങൾ അതിന് നടപടിയെടുക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും അറ്റോർണി പറഞ്ഞു.