ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർധിപ്പിക്കാനിടയാക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. ഇതുസംബന്ധിച്ച് സുപ്രീംകോടതി രജിസ്ട്രിക്ക് സർക്കാർ അഭിഭാഷകൻ കത്തുനൽകി.
സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനനടപടികൾ സ്തംഭിച്ചിരിക്കുകയാണെന്നും അതിനാൽ വിഷയം അടിയന്തരമായി കേൾക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും തടസ്സഹർജികളുമായി ചില കോളേജുകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
2020-2021 അക്കാദമികവർഷം എം.ബി.ബി.എസിന് ഈടാക്കുന്ന ഫീസ് നിശ്ചയിച്ച് നവംബർ നാലിന് കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളേജ് ഉൾപ്പെടെ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. 2019-ലെ ദേശീയ മെഡിക്കൽ കമ്മിഷൻ നിയമം നിലവിൽവന്നതോടെ ഫീസ് നിർണയസമിതിക്ക് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാർ വാദിച്ചത്. പകുതിസീറ്റിൽ ഫീസ് നിശ്ചയിക്കാൻ അധികാരം ദേശീയ മെഡിക്കൽ കമ്മിഷനും ബാക്കിയുള്ളതിൽ അതത് കോളേജ് മാനേജ്‌മെന്റുകൾക്കും ആണെന്നും അവർ വാദിച്ചു.
സ്വാശ്രയ മെഡിക്കൽ സീറ്റുകളിലെ പരമാവധി ഫീസ് അതത് കോളേജുകൾ അവകാശപ്പെടുന്നതുവരെയാകാമെന്ന് വിദ്യാർഥികളെ അറിയിക്കണമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കോടതിയോ കോടതി നിയമിക്കുന്ന അതോറിറ്റിയോ നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാധ്യസ്ഥരാണെന്ന് വിദ്യാർഥികൾ ഉറപ്പുനൽകണമെന്നും നിർദേശിച്ചു.