ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുകൾ ഇന്ത്യക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച സ്പീക്കർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 200-ലധികം പേർക്ക് ജീവൻ നഷ്ടമാവുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാർഷികമായിരുന്നു വ്യാഴാഴ്ച. ’
“ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ആ മുറിവുകൾ രാജ്യത്തിനു വിസ്മരിക്കാനാവില്ല. പുതിയ നയങ്ങളുമായാണ് ഇന്നു നമ്മൾ ഭീകരവാദത്തിനെതിരേ പൊരുതുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഭീകരവാദത്തിനു തക്കതായ മറുപടി നൽകുകയും ചെയ്യുന്ന നമ്മുടെ സുരക്ഷാ സേനാംഗങ്ങളോട് നന്ദി പറയുന്നു’’ -പ്രധാനമന്ത്രി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആദരാഞ്ജലി അർപ്പിച്ചു. “അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. ഈ ആക്രമണത്തിൽ ഭീകരരെ പ്രതിരോധിച്ച ധീരരായ സുരക്ഷാ സേനാംഗങ്ങൾക്ക് ഹൃദയംഗമായ നന്ദി. നിങ്ങളുടെ ധീരതയോടും ത്യാഗത്തോടും രാജ്യം എപ്പോഴും കൃതജ്ഞത പുലർത്തും’’ - അമിത് ഷാ ട്വീറ്റ് ചെയ്തു.