ന്യൂഡൽഹി: ഒ.ടി.ടി. പ്ലാറ്റ്ഫോം നടത്തിപ്പുകാരുമായി പുതിയ ചട്ടങ്ങളെക്കുറിച്ച് ചർച്ച നടത്തിയില്ലെന്ന ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ. 49 പ്ലാറ്റ്‌ഫോം നടത്തിപ്പുകാരുമായി ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ ചർച്ചനടത്തി. എന്നാൽ, സ്വയംനിയന്ത്രണ വ്യവസ്ഥകളെക്കുറിച്ച് അവരുടെ നിർദേശം സർക്കാരിന് സ്വീകാര്യമായിരുന്നില്ല.

രാജ്യത്ത് പ്രവർത്തിക്കുന്ന വാർത്താ വൈബ്‌സൈറ്റുകളുടെ എണ്ണമോ വിവരമോ സർക്കാരിന്റെ കൈവശമില്ലാത്ത സ്ഥിതിയാണിപ്പോൾ. വെബ്‌സൈറ്റുകളിൽ വിലാസംപോലും രേഖപ്പെടുത്താറില്ല. നിയന്ത്രണചട്ടങ്ങൾ ആവിഷ്കരിക്കുന്നതിനുമുമ്പ് വാർത്താ വെബ്‌സൈറ്റ് നടത്തിപ്പുകാരുമായി ചർച്ചചെയ്തില്ലെന്ന ആക്ഷേപത്തിന് ഇതാണ് കാരണം. ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് സർക്കാരിന് ധാരണ ലഭിക്കുന്നില്ല. അതുകൊണ്ടാണ് വിശദാംശങ്ങൾ സർക്കാരിന് രേഖാമൂലം നൽകണമെന്ന നിബന്ധന ഏർപ്പെടുത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.