ന്യൂഡൽഹി: വാർത്താ വൈബ്‌സൈറ്റുകളുടെ നടത്തിപ്പിന് ഉടമയുടെയും എഡിറ്റോറിയൽ തലവന്റെയും വിശദാംശങ്ങൾ, ഓഫീസ് വിലാസം എന്നിവ കേന്ദ്ര സർക്കാരിന് രേഖാമൂലം സമർപ്പിക്കണമെന്ന നിബന്ധന ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര വാർത്താ വിതരണമന്ത്രാലയം. രാജ്യത്തെ വാർത്താ പോർട്ടലുകൾക്ക് പ്രവർത്തനച്ചട്ടവും അച്ചടക്ക സംഹിതയും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

നിലവിൽ വാർത്താ പോർട്ടലുകളുടെ പ്രാഥമിക വിവരങ്ങൾപോലും സർക്കാരിന്റെ കൈവശമില്ല. മന്ത്രാലയം തയ്യാറാക്കിനൽകുന്ന നിർദിഷ്ട രേഖയിൽ എല്ലാ ഡിജിറ്റൽ ന്യൂസ് പോർട്ടലുകളും ഇതുസംബന്ധിച്ച വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം. ഇതിനായി ഒരുമാസത്തെ കാലാവധിയാണ് നൽകുന്നതെന്ന് മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.