ലഖ്നൗ: ഹാഥ്റസ് ബലാത്സംഗത്തിൽ പ്രതികളായ നാലു പേർക്കെതിരേ ലഖ്നൗവിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സന്ദീപ്, രവി, രാമു, ലവകുഷ് എന്നിവർക്കെതിരേയാണ് സി.ബി.ഐ. കുറ്റപത്രം. മാർച്ച് രണ്ടിന് കേസിന്റെ വാദം കേൾക്കും. ബലാൽസംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രവി, രാമു, ലവകുഷ് എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി നേരത്തേത്തന്നെ തള്ളിയിരുന്നു. നാലാം പ്രതി സന്ദീപ് ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ല.

2020 സെപ്റ്റംബർ 14-നാണ് ഹാഥ്റസ് ജില്ലയിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതിനെത്തുടർന്ന് യോഗി ആദിത്യനാഥ് സർക്കാർ കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു.