ഗുവാഹാട്ടി: കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരിലെത്തിയ പോലീസ് രണ്ടുപേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പി.എഫ്.ഐ.) പങ്കുണ്ടെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ. അക്രമമുണ്ടായതിന്റെ തലേദിവസം കുടിയൊഴിപ്പിക്കൽ നടന്ന ഗ്രാമം പി.എഫ്.ഐ. അംഗങ്ങൾ സന്ദർശിച്ചതായും പോലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂർണമായി പുറത്തുവരാതെ വിഷയത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തെത്തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ 12-കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് പോലീസുകാരുൾപ്പെടെ 15 പേർക്കാണ് പരിക്കേറ്റത്. വെടിവെപ്പിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധമാണ് അസം സർക്കാരിനെതിരേ നടക്കുന്നത്.

പ്രശ്നം നടക്കുന്നതിന് ഒരുദിവസം മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുമായി പി.എഫ്.ഐ. അംഗങ്ങളെത്തിയിരുന്നു. ഒരു പ്രഭാഷകനുൾപ്പെടെ ചില ആളുകളെ ഉൾപ്പെടുത്തി വിവിധ തെളിവുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും ഹിമന്ദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.