ന്യൂഡൽഹി: കർഷകരെ കൊന്നൊടുക്കാൻ അധികാരികൾ തീരുമാനിച്ചതിനുതെളിവാണ് അസമിൽ കഴിഞ്ഞദിവസമുണ്ടായ ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലും അതിക്രമവുമെന്ന് അഖിലേന്ത്യാ കിസാൻസഭ. അസമിൽ രണ്ടുപേർ കൊല്ലപ്പെട്ട അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റ് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ രാജിവെക്കണമെന്ന് കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളേയും ജനറൽ സെക്രട്ടറി ഹനൻമൊള്ളയും ആവശ്യപ്പെട്ടു. പാർലമെന്റംഗങ്ങൾ ഉൾപ്പെടെയുള്ള കിസാൻസഭ വസ്തുതാന്വേഷണസംഘം അസം സന്ദർശിക്കും.

കർഷകപ്രക്ഷോഭങ്ങളെ പലരീതിയിൽ ദുർബലമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. കായികമായി ആക്രമിച്ച് കർഷകരെ ഉന്മൂലനംചെയ്യാനും തുടങ്ങിയിരിക്കുന്നു. ആധുനികകൃഷിയുടെപേരിൽ ബലം പ്രയോഗിച്ച് കർഷകരെ കുടിയൊഴിപ്പിക്കുന്നു. ദരാംഗിൽ കുടിയേറിയിട്ടുള്ള കർഷകർ ബംഗ്ലാദേശികളല്ല. അവർ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിങ്ങളാണ്. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഈ പ്രദേശത്തേക്ക്‌ കുടിയേറി കാലങ്ങളായി കാർഷികവൃത്തി നടത്തുന്നവരാണ്. അവിടെയുള്ള 800 കുടുംബങ്ങളെക്കൂടി പുതിയ കാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്നമെന്ന് ഹനൻമൊള്ള ചോദിച്ചു.

അസമിൽ ബി.ജെ.പി. നടത്തുന്ന വർഗീയധ്രുവീകരണത്തിന്റെ പ്രതിഫലനമാണ് സംഘർഷമെന്ന് അശോക് ധാവ്‌ളെ കുറ്റപ്പെടുത്തി. പോലീസ് ഫോട്ടോഗ്രാഫർ മൃതദേഹത്തിൽ നൃത്തംചവിട്ടുന്നത് ബി.ജെ.പി. സൃഷ്ടിച്ച വർഗീയവിദ്വേഷത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്ന് ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് കുറ്റപ്പെടുത്തി. അനധികൃതകുടിയേറ്റക്കാരെന്ന്‌ മുദ്രകുത്തി വർഗീയപദ്ധതി നടപ്പാക്കുന്ന ബി.ജെ.പി. കർഷകരെയെല്ലാം കുടിയൊഴിപ്പിക്കുകയാണെന്ന് ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും വിമർശിച്ചു.