അഹമ്മദാബാദ്: സൂറത്ത് കേന്ദ്രമാക്കിയ ഒരു വജ്രവ്യാപാരസ്ഥാപനം ശതകോടികളുടെ നികുതിവെട്ടിപ്പ് നടത്തിയതായി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്(സി.ബി.ഡി.ടി.) കണ്ടെത്തി. വിശ്വസ്തരായ ജീവനക്കാരുടെ പക്കൽ ഒളിപ്പിച്ച കടലാസിലും ഡിജിറ്റലുമായ തെളിവുകൾ 22-ന് ആരംഭിച്ച പരിശോധനയിൽ പിടിച്ചെടുത്തു. തിരച്ചിൽ തുടരുകയാണെന്നും വിശദവിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പത്രക്കുറിപ്പിൽ സി.ബി.ഡി.ടി. അറിയിച്ചു.

കണക്കിൽപ്പെടുത്താത്ത 518 കോടി രൂപയുടെ വജ്ര ഇടപാട് അഞ്ചുവർഷത്തിനുള്ളിൽ കമ്പനി നടത്തിയെന്നാണ് പ്രാഥമിക സൂചനകൾ. 95 കോടി രൂപയുടെ വജ്രാവശിഷ്ടങ്ങളുടെ കച്ചവടവും കണക്കിലില്ല. 10.98 കോടി രൂപ വിലവരുന്ന വജ്രവും 1.95 കോടി രൂപയുടെ പണവും ആഭരണങ്ങളും തിരച്ചിലിൽ പിടിച്ചെടുത്തു. ഇറക്കുമതി ചെയ്യുന്ന അസംസ്കൃതവജ്രം മിനുക്കി ഹോങ്കോങ് കേന്ദ്രമാക്കി കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്. റിയൽ എസ്റ്റേറ്റിൽ 80 കോടി രൂപയുടെ കണക്കിൽപ്പെടാത്ത ഇടപാടുമുണ്ട്. ടൈൽ നിർമാണരംഗത്തും സാന്നിധ്യമുള്ളതാണ് സ്ഥാപനം. സൂറത്ത്, നവസരി, മോർബി, വാങ്കനേർ, മുംബൈ എന്നിവിടങ്ങളിൽ 23 സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നും അന്വേഷണസംഘം വെളിപ്പെടുത്തി.