ഭോപാൽ: പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ബജ്‌രംഗ്‌ദൾ പ്രവർത്തകരുടെ അക്രമം. സെറ്റിലെത്തിയ അക്രമികൾ ഉപകരണങ്ങളും വാഹനങ്ങളും നശിപ്പിച്ചു. പ്രകാശ് ഝായെ ആക്രമിച്ച് അദ്ദേഹത്തിനുനേരെ കറുത്തമഷി എറിഞ്ഞു.

ബോബി ഡിയോൾ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സീരീസിന്റെ മൂന്നാമത്തെ സീസൺ ചിത്രീകരണമാണ് ഭോപാലിൽ പുരോഗമിക്കുന്നത്. പുറത്തിറങ്ങിയ രണ്ട് സീസണുകളിലെ ഉള്ളടക്കം ഹിന്ദുമതവിശ്വാസികളെ അപമാനിക്കുന്നതായി ആരോപിച്ചാണ് അക്രമം.

സംഭവത്തിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗിൽഡും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും അപലപിച്ചു. അക്രമികൾക്കെതിരേ സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.