ചെന്നൈ: ദളിത് യുവാവിന്റെ തലമുടി മുറിക്കാൻ തയ്യാറാകാത്ത ബാർബറുടെ പേരിൽ പോലീസ് കേസെടുത്തു. സേലത്ത് ദളിത് യുവാവായ പൂവരസന്റെ തലമുടി മുറിക്കാൻ തയ്യാറാകാത്ത ബാർബർ ലോഗു, കെട്ടിടത്തിന്റെ ഉടമസ്ഥ അന്നക്കിളി എന്നിവർക്കെതിരേയാണ് കേസെടുത്തത്.

മുടി മുറിക്കാൻ തയ്യാറാവാത്തതിനെത്തുടർന്ന് ബാർബറും പൂവരസനും തമ്മിൽ തർക്കമായി. ഉടമസ്ഥ അന്നക്കിളിയും ബാർബറെ അനുകൂലിച്ചു. തർക്കം ഏറെനേരം തുടർന്നതോടെ കണ്ടുനിന്നവരിലൊരാൾ സംഭവത്തിന്റെ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പൂവരസനെ പിന്തുണയ്ക്കാൻ സംഭവത്തിന് സാക്ഷ്യം വഹിച്ചിരുന്ന ആരും മുന്നോട്ടു വന്നിരുന്നില്ല. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് പോലീസ് കേസെടുത്തത്.