ന്യൂഡല്‍ഹി: അടുത്തവര്‍ഷം തുടക്കത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കോവിഡ് വാക്സിന്‍ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത് തിരഞ്ഞെടുപ്പിനു സമാനമായ സജ്ജീകരണങ്ങള്‍. മുന്‍ഗണന അര്‍ഹിക്കുന്ന 30 കോടിയോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ കേന്ദ്രം നടത്തിവരുകയാണ്.

കേന്ദ്രം നിയോഗിച്ച ഉന്നതതല വിദഗ്ധ സമിതിക്കാണ് വാക്സിന്‍ വിതരണ നടപടികളുടെ ചുമതല. വാക്സിൻ സ്വീകരിക്കാനായി എത്തേണ്ട ദിവസം, സ്ഥലം, സമയം എന്നിവ അറിയിച്ച് വ്യക്തികളുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയക്കല്‍, വാക്സിന്‍ സ്വീകരിച്ചശേഷം ക്യു.ആര്‍. കോഡോടുകൂടിയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവ നടപ്പാക്കാന്‍ സമിതി ആലോചിക്കുന്നുണ്ട്. സ്കൂളുകളെ വാക്സിനേഷന്‍ കേന്ദ്രങ്ങളാക്കിയേക്കും. തിരഞ്ഞെടുപ്പുവേളയില്‍ പോളിങ് ബൂത്തുകളായി സ്കൂളുകളെ ഉപയോഗിക്കുന്ന മാതൃകയിലാണ് ഇത്. വാക്സിന്‍ വിതരണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ച് അടുത്തിടെ ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പരിശോധിച്ചത്.

വാക്സിന്‍ ശേഖരവും വാക്സിനേഷനു വിധേയമായവരെയും നിരീക്ഷിക്കാന്‍ ഇലക്‌ട്രോണിക് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണിത്. വാക്സിൻ സ്വീകരിച്ചവർക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാന്‍ കേന്ദ്ര വിവരസാങ്കേതികമന്ത്രാലയം 2015-ല്‍ പുറത്തിറക്കിയ ഡിജിലോക്കര്‍ സംവിധാനവും ലഭ്യമാക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍, പോലീസുകാര്‍, സായുധസേനാംഗങ്ങള്‍, 50 വയസ്സിൽ കൂടുതലുള്ളവർ, മറ്റു രോഗങ്ങളുള്ള 50 വയസ്സില്‍ താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ഇവര്‍ക്ക് വാക്സിന്‍ സൗജന്യമായിരിക്കും. ജൂലായ് മാസത്തോടെയാണ് ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.