ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഭരണഘടനാ ദിനം ആചരിക്കും. രാവിലെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനാദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാഷ്ട്രപതിക്കൊപ്പം ഭരണഘടനയുടെ ആമുഖം വായിക്കാൻ ജനങ്ങൾക്ക് അവസരവുമൊരുക്കിയിട്ടുണ്ട്. ഭരണഘടനയെക്കുറിച്ച് 23 ഭാഷകളിൽ ഡിജിറ്റൽ പ്രശ്നോത്തരിയും നടക്കും.

പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് ഭരണഘടനാ ദിനത്തിന്റെ പ്രധാന ആഘോഷങ്ങൾ. രാവിലെ 11-ന് ചേരുന്ന ചടങ്ങിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നടന്ന ചർച്ചകളുടെ ഡിജിറ്റൽ രൂപം, ഭരണഘടനയുടെ ഹസ്തലിഖിത പതിപ്പിന്റെ ഡിജിറ്റൽ രൂപം എന്നിവ രാഷ്ട്രപതി പ്രകാശനം ചെയ്യും.

പ്രസംഗത്തിനു ശേഷം രാഷ്ട്രപതി ഭരണഘടനയുടെ ആമുഖം വായിക്കും. രാഷ്ട്രപതിയുടെ വായനയുടെ തത്‌സമയ സംപ്രേഷണത്തിൽ ജനങ്ങൾക്കും പങ്കെടുക്കാം. ആർക്കും എവിടെ നിന്നുവേണമെങ്കിലും രാഷ്ട്രപതിയോടൊപ്പം ഭരണഘടന വായിക്കാം. കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പങ്കെടുക്കേണ്ടതെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രാലയം അറിയിച്ചു. സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങുകളിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, എം.പി.മാർ തുടങ്ങിയവർ പങ്കെടുക്കും.

പാർലമെന്ററികാര്യ മന്ത്രാലയം രണ്ട് പോർട്ടലുകൾക്കും രൂപം കൊടുത്തിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം വായിക്കാനുള്ള പോർട്ടലിൽ 23 ഭാഷകളിൽ വായനാ സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടാമത്തെ പോർട്ടൽ ഓൺലൈൻ ക്വിസിന് വേണ്ടിയുള്ളതാണ്. ഭരണഘടനയുടെ അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച ക്വിസ് മത്സരത്തിൽ ആർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഭരണഘടനയെക്കുറിച്ച്

ഓൺലൈൻ കോഴ്‌സ്

ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഭരണഘടനയെക്കുറിച്ചുള്ള ഓൺലൈൻ കോഴ്‌സ് വ്യാഴാഴ്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്തു. നിയമസർവകലാശാലയും ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററും ചേർന്നാണ് ഓൺലൈൻ കോഴ്‌സ് സംഘടിപ്പിക്കുന്നത്. നിയമസർവകലാശാലകളിലെ മുതിർന്ന അധ്യാപകരാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് കോഴ്‌സ് ഫീസില്ല.