ചണ്ഡീഗഢ്‌: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ ഭാര്യയും പട്യാല എം.പി.യുമായ പ്രണീത് കൗറിന് കോൺഗ്രസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. ഏഴുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

‘ഈയിടെ കോൺഗ്രസ് പ്രവർത്തകരിൽനിന്നും എം.എൽ.‌എ.മാരിൽനിന്നും പട്യാലയിൽനിന്നുള്ള നേതാക്കളിൽനിന്നും താങ്കളുടെ പാർട്ടിവിരുദ്ധ നടപടികളെക്കുറിച്ച് തുടർച്ചയായി റിപ്പോർട്ടുകൾ ലഭിക്കുന്നു. ഭർത്താവ് ക്യാപ്റ്റൻ അമരീന്ദർ സിങ് കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വന്തം പാർട്ടി രൂപവത്കരിച്ചതുമുതൽ ഈ വിവരങ്ങളും വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. ഭർത്താവിന്റെ പാർട്ടിയുമായി ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ താങ്കൾ നടത്തിയ പ്രഖ്യാപനങ്ങളും ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.’-പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് ചൗധരി നൽകിയ നോട്ടീസിൽ പറയുന്നു.