ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് അഖിലേന്ത്യാക്വാട്ടയിലെ സാമ്പത്തികസംവരണത്തിന് (ഇ.ഡബ്ല്യു.എസ്.) എട്ടുലക്ഷം രൂപയുടെ വാർഷിക വരുമാനപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഇതിനായി സമിതിയുണ്ടാക്കി നാലാഴ്ചയ്ക്കകം തീരുമാനമെടുക്കും. അതുവരെ നീറ്റ് പി.ജി. കൗൺസലിങ് നിർത്തിവെക്കും. നാലാഴ്ചയ്ക്കുമുമ്പ്‌ മാനദണ്ഡം സംബന്ധിച്ച് തീരുമാനമായാൽ അക്കാര്യം അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തുടർന്ന്, കേസ് ജനുവരി ആറിലേക്ക് മാറ്റി.

ഒ.ബി.സി.യിലെ ക്രീമിലെയർ നിശ്ചയിക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ (ഇ.ഡബ്ല്യു.എസ്.) കണ്ടെത്താനും ഒരേ മാനദണ്ഡം (എട്ടുലക്ഷം രൂപ) നിശ്ചയിച്ചതിനെ സുപ്രീംകോടതി നേരത്തേ ചോദ്യംചെയ്തിരുന്നു. രണ്ടുവിഭാഗക്കാർക്ക് ഒരേ മാനദണ്ഡം എങ്ങനെ ശരിയാകുമെന്നും എട്ടുലക്ഷം രൂപയുടെ മൂല്യം ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെയാണോ എന്നുമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്.

തുടർന്ന്, എട്ടുലക്ഷം രൂപ നിശ്ചയിച്ചതിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ കഴിഞ്ഞമാസം സത്യവാങ്മൂലം ഫയൽ ചെയ്തു. മാനദണ്ഡം നിശ്ചയിച്ചതിൽ ഏകപക്ഷീയമായി ഒന്നുമില്ലെന്നും ഗൗരവമായി ചിന്തിച്ചെടുത്ത തീരുമാനമാണെന്നുമാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഈ അക്കാദമിക വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് ഒ.ബി.സി.ക്ക് 27 ശതമാനവും ഇ.ഡബ്ല്യു.എസിന് 10 ശതമാനവും സംവരണം നൽകിക്കൊണ്ട് കേന്ദ്രവും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയും ജൂലായ് 29-ന് ഇറക്കിയ നോട്ടീസ് ചോദ്യംചെയ്ത് വിദ്യാർഥികൾ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സാമ്പത്തികസംവരണം പുരോഗമനപരമായ ഒന്നാണെന്നും സംസ്ഥാനങ്ങൾ അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. മാനദണ്ഡം നിശ്ചയിച്ചത് ശാസ്ത്രീയമായാണോ എന്നത് മാത്രമാണ് പ്രശ്നമെന്നും ബെഞ്ച് വ്യക്തമാക്കി.

സമയം ഏറെ വൈകിയതിനാൽ സാമ്പത്തികസംവരണം അടുത്ത വർഷത്തേക്ക്‌ മാറ്റിവെച്ചുകൂടേയെന്ന് വിദ്യാർഥികൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താർ ചോദിച്ചു. സുപ്രീംകോടതിയും ഇതിനോട്‌ യോജിച്ചെങ്കിലും കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത അതിനെ എതിർത്തു. സാമ്പത്തികസംവരണം ഈവർഷംമുതൽ നടപ്പാക്കാനാണ് സർക്കാർ 103-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്നും ഇനി അതിൽനിന്ന് പിന്നാക്കം പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാഴ്ചത്തെ സമയം ദീർഘമല്ലെന്നും തിടുക്കപ്പെട്ട് മാനദണ്ഡം നിശ്ചയിക്കാൻ ആവശ്യപ്പെട്ടാൽ അത് അശാസ്ത്രീയമായിപ്പോകുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒ.ബി.സി. സംവരണത്തിൽ മാറ്റംവരുത്തരുതെന്ന് ചില വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ അതിലേക്ക് കടക്കുന്നതേയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.