ബെംഗളൂരു: തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സ്‌കാനിയ ബസ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് അപകടത്തിൽപ്പെട്ടു. ഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. കെ.എസ്.ആർ.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ കരമന സ്വദേശി എസ്. ഹരീഷ് (38), പാലക്കാട് സ്വദേശി ഫിറോസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായ ഹരീഷ് ബെംഗളൂരുവിലെ സ്പർശ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കാലിന് പരിക്കേറ്റ ഫിറോസിനെ കൃഷ്ണഗിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സേലം-ഹൊസൂർ ദേശീയപാതയിൽ കൃഷ്ണഗിരിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ സുന്ദേകുപ്പയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മുമ്പിലുണ്ടായിരുന്ന ലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവറെയും പരിക്കേറ്റ യാത്രക്കാരനെയും ഉടൻ കൃഷ്ണഗിരി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി യാത്രക്കാരെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിൽ ബെംഗളൂരുവിലേക്ക് കയറ്റിവിട്ടു. അപകടം നടന്നയുടൻ ലോറി സ്ഥലത്തുനിന്ന് മാറ്റി. ലോറി കണ്ടെത്താനായിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു.

അപകടവിവരമറിഞ്ഞ് ബെംഗളൂരു ഡിപ്പോയിൽനിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉച്ചയോടെ ഹരീഷിനെ ബെംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. ഹരീഷ് അപകടനില തരണം ചെയ്തുവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.