ന്യൂഡൽഹി: അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മാധ്യമ റിപ്പോർട്ടുകളും സാമൂഹികമാധ്യമ പ്രതികരണങ്ങളും വിലക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. ആന്ധ്രാപ്രദേശ് സർക്കാർ ഫയൽചെയ്ത ഹർജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ജനുവരിയിലേക്ക് കേസ് മാറ്റിയ സുപ്രീംകോടതി, അതിനകം സത്യവാങ്മൂലങ്ങൾ ഫയൽചെയ്യാൻ കക്ഷികളോട് ആവശ്യപ്പെട്ടു. റിട്ട് ഹർജികളിൽ അതുവരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതിയോടും ആവശ്യപ്പെട്ടു. അതേസമയം, അമരാവതി ഭൂമി കുംഭകോണ കേസിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അന്വേഷണം സ്റ്റേചെയ്ത ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല.
ആന്ധ്രാപ്രദേശ് മുൻ അഡ്വക്കറ്റ് ജനറൽ ഡി. ശ്രീനിവാസ് നൽകിയ ഹർജിയിലാണ് അന്വേഷണം സ്റ്റേചെയ്തുകൊണ്ടും മാധ്യമ റിപ്പോർട്ടിങ് തടഞ്ഞുകൊണ്ടും ഹൈക്കോടതി ഉത്തരവിറക്കിയത്. 2014-ൽ ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച് തലസ്ഥാനം മാറ്റിയപ്പോഴുണ്ടായ ഭൂമി കുംഭകോണവും നിയമവിരുദ്ധ ഇടപാടുകളും സംബന്ധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഫയൽചെയ്ത കേസിലെ അന്വേഷണമാണ് ഹൈക്കോടതി സ്റ്റേചെയ്തത്. അമരാവതിയിൽ പുതിയ തലസ്ഥാനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ അവിടെ വലിയ ഭൂമി കൈമാറ്റങ്ങളും ബിനാമി ഇടപാടുകളും നടന്നതായാണ് ആരോപണം.