ജോധ്‌പുർ: വിസാകാലാവധി അവസാനിച്ചതിനെത്തുടർന്ന് പാകിസ്താനിൽ കുടുങ്ങിയ യുവതി 10 മാസത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി. പാകിസ്താനിൽനിന്നുള്ള ഹിന്ദു അഭയാർഥിയായ ജന്ത മാലി ഫെബ്രുവരിയിൽ രോഗിയായ അമ്മയെ കാണാൻ നോ ഒബ്ളിഗേഷൻ ടു റിട്ടേൺ ടു ഇന്ത്യ (നോറി) വിസയിൽ മിർപുർ ഖാസിലേക്ക് പോയിരുന്നു. ഇന്ത്യൻ പൗരത്വമുള്ള ഭർത്താവിനും മക്കൾക്കൊപ്പവുമായിരുന്നു മാലിയുടെ യാത്ര. എന്നാൽ, കോവിഡ് അടച്ചിടലിനെത്തുടർന്ന് അവർക്ക് ഇന്ത്യയിലേക്കു മടങ്ങിവരാൻ കഴിഞ്ഞില്ല. ഭർത്താവും മക്കളും ജൂലായിൽ ഇന്ത്യയിലേക്കു മടങ്ങിയപ്പോൾ വിസാകാലാവധി അവസാനിച്ചതിനെത്തുടർന്ന് മാലി അയൽരാജ്യത്ത് കുടുങ്ങിപ്പോവുകയായിരുന്നു. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ് യുവതി.
ഇന്ത്യയിൽനിന്ന് അയൽരാജ്യങ്ങളിലേക്കു പോകുന്നവർ 60 ദിവസത്തിനുള്ളിൽ രാജ്യത്ത് മടങ്ങിയെത്തണമെന്നാണ് നോറി വിസയുടെ മാനദണ്ഡം. ഇത്തരത്തിൽ വിസാകാലാവധി കഴിഞ്ഞതിനാൽ പാകിസ്താനിൽ കുടുങ്ങിക്കിടക്കുന്ന 410 ഹിന്ദു അഭയാർഥികളെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെപ്റ്റംബറിൽ രാജസ്ഥാൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.