ന്യൂഡൽഹി: മൂന്നുവർഷംമുമ്പ് താത്കാലികമായി നിർത്തിവെച്ച പബ്ലിക് വെരിഫിക്കേഷൻ പ്രക്രിയ അടുത്തവർഷം പുനരാരംഭിക്കുമെന്ന് ട്വിറ്റർ. ആശയക്കുഴപ്പങ്ങളുണ്ടായതോടെ 2017-ൽ ട്വിറ്റർ പബ്ലിക് വെരിഫിക്കേഷൻ പ്രോഗ്രാം നിർത്തിയിരുന്നു.
‘2021 ന്റെ തുടക്കത്തിൽ പുതിയ പബ്ലിക് ആപ്ലിക്കേഷൻ പ്രോസസ് ഉൾപ്പെടെ ബ്ളൂ ടിക് വേരിഫിക്കേഷൻ പുനരാരംഭിക്കും. സജീവമല്ലാത്തതും പ്രൊഫൈലിലെ വിവരങ്ങൾ അപൂർണമായതുമായ അക്കൗണ്ടുകൾ ട്വിറ്റർ സ്വയം നീക്കംചെയ്യും. ഇതിനുപുറമേ ട്വിറ്ററിന്റെ ചട്ടങ്ങൾ ആവർത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിലവിൽ ബ്ളൂടിക് ലഭിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യും’ -ട്വിറ്റർ വ്യക്തമാക്കി.
വെരിഫിക്കേഷൻ പുനരാരംഭിക്കുന്നതിനു മുന്നോടിയായി പൊതുജനങ്ങൾക്ക് പ്രതികരണമറിയിക്കാൻ ഡിസംബർ എട്ടുവരെ സമയം നൽകിയിട്ടുണ്ട്.
എന്നാൽ, ട്വിറ്ററിലെ ആധികാരിക അക്കൗണ്ടുകൾ തിരിച്ചറിയാൻ നൽകുന്ന ഒരേയൊരു മാർഗമല്ല ബ്ളൂടിക് വെരിഫിക്കേഷനെന്നും 2021-ലേക്ക് കടക്കുമ്പോൾ, കൂടുതൽ മാർഗങ്ങൾ നൽകുമെന്നും കമ്പനി വ്യക്തമാക്കി.