ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ, കർഷകസമരം എന്നീ വിഷയങ്ങളുന്നയിച്ച് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരും. ഫോൺ ചോർത്തൽ വിഷയം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഒരാഴ്ചയായി ഇരുസഭകളിലും ഉയർത്തുന്ന പ്രതിഷേധത്തിൽ ഒത്തുതീർപ്പ് സാധ്യതകൾ ഉരുത്തിരിഞ്ഞിട്ടില്ല. അതിനാൽ തിങ്കളാഴ്ചയും ഇരുസഭകളും സ്തംഭിക്കാനാണ് സാധ്യത.

തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ മഴക്കാലസമ്മേളനം ആരംഭിച്ചത്. ഏതുവിഷയവും ചർച്ചചെയ്യാൻ തയ്യാറാണെന്ന് സർക്കാർ ഇരുസഭകളിലും ആവർത്തിച്ചെങ്കിലും പെഗാസസ് വിഷയത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉറപ്പുനൽകാൻ തയ്യാറായില്ല. തുടർന്ന് ഇരുസഭകളും നിമിഷങ്ങൾ മാത്രം സമ്മേളിച്ചശേഷം പിരിയുകയായിരുന്നു.