ചെന്നൈ: തമിഴ്‌ നടിയും റിയാലിറ്റിഷോ താരവുമായ യാഷിക ആനന്ദിന് (21) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കാർ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വല്ലിചെട്ടി ഭവാനി (28) മരിച്ചു. മറ്റു രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഹാബലിപുരത്തിനുസമീപം ഈസ്റ്റ് കോസ്റ്റ് റോഡിൽ സുളേരിക്കാടിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചുമറിയുകയുമായിരുന്നു. കാറോടിച്ചിരുന്ന യാഷികയ്ക്കെതിരേ പോലീസ് കേസെടുത്തു. പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലേക്ക് വരുന്നതിനിടെയാണ് അപകടം. ഹൈദരാബാദ് സ്വദേശിനിയായ വല്ലിചെട്ടി ഭവാനി ഒരാഴ്ച മുമ്പാണ് അമേരിക്കയിൽനിന്ന് നാട്ടിലെത്തിയത്. യാഷികയെയും സുഹൃത്തുക്കളെയും കാണാൻ ചെന്നൈയിലെത്തിയതായിരുന്നു.

യാഷികയും ഭവാനിയും അമീർ, സെയ്ദ് എന്നീ സുഹൃത്തുക്കൾക്കൊപ്പം പുതുച്ചേരി സന്ദർശിച്ചു മടങ്ങുകയായിരുന്നു. കാറിനുള്ളിൽനിന്ന് പുറത്തേക്ക് തെറിച്ചു വീണ ഭവാനി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യാഷികയും നിസ്സാരപരിക്കേറ്റ മറ്റുരണ്ടുപേരും ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതവേഗത്തിൽ വാഹനമോടിക്കൽ, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യാഷികയ്ക്കെതിരേ കേസെടുത്തത്. തമിഴ് ചാനലിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ യാഷിക കവലൈ വേണ്ടാം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ടു അറയിൽ മുരട്ട് കുത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ട താരമാണ്.