ഹൈദരാബാദ്: 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് വോട്ടുചെയ്യാൻ വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ടി.ആർ.എസ്. എം.പി. മാലോത്ത് കവിതയും കൂട്ടാളിയും കുറ്റക്കാരെന്ന് കോടതി. ഇരുവർക്കും ആറുമാസം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു.

നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതിയുടേതാണ് വിധി. വിധിക്കെതിരേ പ്രതികൾക്ക് ഉന്നതകോടതിയിൽ അപ്പീൽനൽകാൻ ജാമ്യമനുവദിച്ചിട്ടുണ്ട്. കവിത തെലങ്കാന ഹൈക്കോടതിയിൽ അപ്പീൽനൽകും.

തെലങ്കാനയിലെ മഹ്ബൂബാബാദിൽനിന്നുള്ള എം.പി.യാണ് കവിത. 2019-ലെ തിരഞ്ഞെടുപ്പു സമയത്ത് കവിതയുടെ സഹായി ഷൗക്കത്തലി വോട്ടർമാർക്ക് 500 രൂപ വീതം നൽകിയതായി ആരോപണമുയർന്നിരുന്നു. പോലീസ് ഇയാളെ കൈയോടെ പിടികൂടി. കവിതയ്ക്കുവേണ്ടിയാണ് പണംനൽകിയതെന്ന് ഇയാൾ സമ്മതിച്ചു.