ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയുടെ നിയന്ത്രണം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണച്ചട്ടങ്ങൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കും.

ആരോഗ്യമന്ത്രി എന്ന നിലയിൽ വീണാ ജോർജ് തികഞ്ഞ പരാജയമാണെന്ന് ചുരുങ്ങിയ നാൾകൊണ്ട് തെളിയിച്ചു. കേരളത്തിലെ ടി.പി.ആർ. നിരക്ക് ഉയരുന്നത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ചേർന്ന ആരോഗ്യമന്ത്രിതന്നെയാണ് വീണ. പിണറായി വിജയൻ നിത്യവും നടത്തുന്ന പത്രസമ്മേളനങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പരിപാടിയാണ്. അവ റദ്ദാക്കണം.

സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച എറണാകുളത്ത് നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് യോഗം നടത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ള ഐ.എൻ.എൽ. നേതാക്കളെ അറസ്റ്റ് ചെയ്യണം. ഇവർക്കെതിരേ ഗുരുതര വകുപ്പുകൾ ചുമത്തണം. പന്ത്രണ്ട് പേർ മാത്രം പങ്കെടുക്കുന്ന ബി.ജെ.പി. കോർ കമ്മിറ്റിയോഗം കോവിഡ് പ്രോട്ടോകോൾ പറഞ്ഞ് തടഞ്ഞ പോലീസ് ഇത്ര വലിയ നിയമലംഘനം ഉണ്ടായിട്ടും ഒരു നടപടിയും എടുക്കുന്നില്ല -കൃഷ്ണദാസ് പറഞ്ഞു.