മുംബൈ: ടെലിവിഷൻ പരിപാടികളുടെ ജനപ്രീതി അളക്കുന്നതിനുള്ള ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം കാണിക്കുന്നതിനായി റിപ്പബ്ലിക് ടി.വി. മേധാവി അർണാബ് ഗോസ്വാമി തനിക്ക് 40 ലക്ഷംരൂപ നൽകിയതായി ഈ കേസിൽ അറസ്റ്റുചെയ്യപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ.) പാർഥോ ദാസ്ഗുപ്തയുടെ മൊഴി. മുംബൈ പോലീസ് ജനുവരി 11-ന് എസ്‌പ്ലനേഡ് മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച 3600 പേജുവരുന്ന അനുബന്ധ കുറ്റപത്രത്തിനൊപ്പമാണ് ദാസ്ഗുപ്തയുടെ മൊഴിയുള്ളത്.
അവധിക്കാലയാത്രകൾക്കായി രണ്ടുതവണ അർണാബിൽനിന്ന് 12,000 ഡോളർ കൈപ്പറ്റിയിട്ടുണ്ട്. മൂന്നുവർഷത്തിനിടെ മൊത്തം 40 ലക്ഷംരൂപ കിട്ടി. റിപ്പബ്ലിക് ടി.വി.യുടെ ടി.ആർ.പി. കൃത്രിമമാർഗങ്ങളിലൂടെ മുന്നിലെത്തിക്കുന്നതിനുള്ള പാരിതോഷികമായിരുന്നു ഈ തുകയെന്ന് എഴുതിതയ്യാറാക്കി ദാസ്ഗുപ്ത ഒപ്പുവെച്ച മൊഴിയിൽ പറയുന്നു. പോലീസ് ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയ മൊഴിയാണിതെന്നും കോടതി അത് തെളിവായി സ്വീകരിക്കില്ലെന്നും ദാസ്ഗുപ്തയുടെ അഭിഭാഷകൻ അർജുൻ സിങ് പറഞ്ഞു.
അർണാബിനെ 2004 മുതൽ അറിയാമെന്ന് ദാസ്ഗുപ്ത മൊഴിയിൽ സമ്മതിക്കുന്നു. രണ്ടുപേരും ടൈംസ് ഗ്രൂപ്പിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.
2013-ൽ ദാസ്ഗുപ്ത ബാർക് സി.ഇ.ഒ. ആയി ചുമതലയേറ്റു. 2017-ലാണ് അർണാബ് റിപ്പബ്ലിക് ടി.വി. തുടങ്ങുന്നത്. ടി.ആർ.പി.യിൽ കൃത്രിമം കാണിക്കുന്നതിനെപ്പറ്റി അതിനുമുമ്പുതന്നെ ഇരുവരും ചർച്ച ചെയ്യുമായിരുന്നു. റിപ്പബ്ലിക് ടി.വി.യെ ഒന്നാംസ്ഥാനത്തേക്കിക്കുന്നതിനായി 2017 മുതൽ 2019 വരെ താൻ ടി.ആർ.പി.യിൽ കൃത്രിമം കാണിച്ചതായി മൊഴിയിൽ ദാസ്ഗുപ്ത സമ്മതിക്കുന്നു. ഇതിനുള്ള പാരിതോഷികമായി അർണാബ് നേരിട്ട് പണം നൽകിയതിന്റെ വിശദാംശങ്ങൾ മൊഴിയിലുണ്ട്.
ടി.ആർ.പി. കണക്കെടുപ്പിൽ കൃത്രിമം നടന്നതായി വ്യക്തമാക്കുന്ന ഫൊ റൻസിക് ഓഡിറ്റ് റിപ്പോർട്ടും അർണാബും ദാസ്ഗുപ്തയും തമ്മിൽ നടന്ന വാട്‌സാപ്പ് സംഭാഷണങ്ങളുടെ രേഖയും 59 സാക്ഷിമൊഴികളും ദാസ്ഗുപ്തയ്ക്കും മറ്റുമെതിരേ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിനൊപ്പമുണ്ട്. കേസിൽ നേരത്തേ അറസ്റ്റിലായ 12 പ്രതികൾക്കെതിരേ നവംബറിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. റിപ്പബ്ലിക് ടി.വി.ക്കു പുറമേ ടൈംസ് നൗ, ആജ്തക് തുടങ്ങിയ ചാനലുകൾക്കെതിരേയും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
ടി.ആർ.പി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ പാർഥോ ദാസ്ഗുപ്തയാണെും ബാർക് മേധാവി എന്ന സ്ഥാനം ദുരുപയോഗം ചെയ്താണ് അദ്ദേഹം കൃത്രിമം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഡിസംബർ 24-ന് പുണെയിൽനിന്ന് അറസ്റ്റിലായ ദാസ്ഗുപ്തയ്ക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.