മുംബൈ: ഇടതുപക്ഷമുന്നണി വിടണമെന്ന ആവശ്യവുമായി മാണി സി. കാപ്പൻ തിങ്കളാഴ്ച മുംബൈയിലെത്തി എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ തന്റെ വസതിയിൽ നടത്തിയ യോഗം പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമായി പവാറിനെ ധരിപ്പിച്ചു. ഈ യോഗത്തിനെതിരേ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുണ്ടെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ശശീന്ദ്രനൊപ്പമല്ല തങ്ങൾക്കൊപ്പമാണ് ഭൂരിഭാഗം പ്രവർത്തകരെന്നും അദ്ദേഹം ചൂണ്ടികാട്ടി. പാല സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് പവാർ ആവർത്തിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി സി. കാപ്പൻ പറഞ്ഞു.
എൻ.സി.പി. ഇടതുപക്ഷമുന്നണി വിടണമോ എന്ന കാര്യത്തിൽ ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ നടക്കുന്ന കേരളനേതാക്കളുടെ യോഗത്തിനുശേഷം തീരുമാനിക്കും. ഇതിനുമുമ്പ് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽസെക്രട്ടറി ഡി. രാജ എന്നിവരുമായി ശരദ്പവാർ കൂടിക്കാഴ്ച നടത്തും.
ഡൽഹിയിൽ ഫെബ്രുവരി ഒന്നിന് നടക്കുന്ന ചർച്ചകൾക്ക് കേരളത്തിൽനിന്ന് ടി.പി. പീതാംബരൻ മാസ്റ്റർ, മാണി സി. കാപ്പൻ, എ.കെ. ശശീന്ദ്രൻ എന്നിവരെ വിളിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷമുന്നണി മാറുന്നകാര്യത്തിൽ ശരദ്പവാറിന് എതിരഭിപ്രായമാണുള്ളത്. പാല സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുനൽകിയാൽ പകരം രാജ്യസഭാ സീറ്റു നൽകിയുള്ള പ്രശ്നപരിഹാരത്തിന് നേതൃത്വം ശ്രമിക്കുന്നതായും സൂചനയുണ്ട്. ശശീന്ദ്രൻ പക്ഷവും കാപ്പൻവിഭാഗവും തങ്ങളുടെ നിലാപാട് വെവ്വേറെ അറിയിച്ച സാഹചര്യത്തിൻ ഇനി ശരദ് പവാറിന്റെ തീരുമാനമാണ് നിർണായകമാവുക.