ഗുവാഹാട്ടി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിനെ വിജയിപ്പിക്കാൻ പുതിയ പാർട്ടികൾ രംഗത്തുവന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ നാഗോൺ ജില്ലയിലെ ബടദ്രാവയിൽ തിരഞ്ഞെടുപ്പുറാലിയിൽ പ്രസംഗിക്കവേ അസം ജാതിയ പരിഷത്ത് (എ.ജെ.പി.), റൈജോർ ദൾ തുടങ്ങിയ പാർട്ടികളെ ഉന്നംവെച്ചായിരുന്നു ഷായുടെ പരാമർശം.

1980-കളിൽ അസം പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവാക്കൾക്കുനേരെ വെടിയുതിർക്കുകയും നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കോൺഗ്രസിനെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അസമിൽ സമാധാനം പുഃനസ്ഥാപിക്കാൻ കഴിഞ്ഞു.

അസമിനെ നുഴഞ്ഞുകയറ്റമില്ലാത്ത സംസ്ഥാനമാക്കിമാറ്റാൻ ബി.ജെ.പി.ക്കും സഖ്യകക്ഷിയായ അസം ഗണപരിഷത്തിനും കഴിയുമെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. റാലിയിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവലും പങ്കെടുത്തു.