ചെന്നൈ: ശശികലപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ടി.ടി.വി. ദിനകരനെ ഉയർത്തിക്കാട്ടി അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ.) ജനറൽ കൗൺസിലിൽ പ്രമേയം പാസാക്കി. ശശികലയുടെ അനുഗ്രഹത്തോടെ ദിനകരനെ മുഖ്യമന്ത്രിയാക്കണമെന്ന പ്രമേയമാണ് പാസാക്കിയത്. ജനാധിപത്യരീതിയിലൂടെ എ.ഐ.എ.എ.ഡി.എം.കെ.യെ തിരിച്ചുപിടിക്കണമെന്ന പ്രമേയവും പാസാക്കി. എ.ഐ.എ.ഡി.എം.കെ. തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനമാണ് എ.എം.എം.കെ.യെന്ന് ദിനകരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ശക്തമായ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ദിനകരനും എ.എം.എം.കെ.യും ഒരുങ്ങുന്നത്. സഖ്യമുണ്ടാക്കുന്നതിനുള്ള അധികാരം ദിനകരന് നൽകുന്ന പ്രമേയവും പാസാക്കി. എ.എം.എം.കെ. ഉപയോഗിച്ച് എ.ഐ.എ.ഡി.എം.കെ.യെ ദുഷ്ടശക്തികളുടെ പിടിയിൽനിന്ന് മോചിപ്പിക്കുമെന്ന് ദിനകരൻ പറഞ്ഞു. പാർട്ടി ജില്ലാഘടകങ്ങളുടെ എണ്ണം 70-ൽനിന്ന് 93 ആയി ഉയർത്താനും തീരുമാനിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴുപേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.