മുംബൈ: ഇന്ധനവില ക്രമംവിട്ടുയരുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. പെട്രോളിനും ഡീസലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള വിവിധ നികുതികളും സെസുകളും കുറയ്ക്കാൻ നടപടിയുണ്ടാകണം. ഇവയുടെ ഉയർന്നവില യാത്രക്കാരെ മാത്രമല്ല ബാധിക്കുക. ഉത്പാദനമേഖലയെയും ഗതാഗത സംവിധാനത്തെയും ബാധിക്കും.

എല്ലാ ഉത്പന്നങ്ങളുടെയും വിലവർധനയ്ക്ക് ഇതു കാരണമാകും. പണപ്പെരുപ്പം പരിധിവിട്ട് ഉയരാനും ഇതിടയാക്കും. ബോബെ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് ആളുകളെ കരകയറ്റുന്നതിന് സർക്കാരിന് വലിയ രീതിയിൽ പണം ആവശ്യമുണ്ടെന്നതു ശരിയാണ്. മറ്റു വരുമാനസ്രോതസ്സുകളെയും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചെലവിനായി പണം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിലെ നികുതിയെ വലിയതോതിൽ ആശ്രയിക്കുന്നു. പണത്തിനുള്ള ആവശ്യം നിറവേറ്റുന്നതിനൊപ്പം ഉയർന്ന പണപ്പെരുപ്പസാധ്യതയും പരിഗണനയിൽ വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

സ്വന്തം ഡിജിറ്റൽ കറൻസിയുടെ കാര്യത്തിൽ ആർ.ബി.ഐ. ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യയിൽനിന്ന് പിന്നാക്കം പോകാനാവില്ല. ഡിജിറ്റൽ കറൻസിക്കായുള്ള വിശദമായ മാർഗനിർദേശങ്ങളും പ്രായോഗികപ്രവർത്തനങ്ങളും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇവ വൈകാതെ പ്രസിദ്ധീകരിക്കും.

കടപ്പത്രവിപണിയിലെ പണലഭ്യത ഉറപ്പാക്കാൻ അടിക്കടി നടപടികളെടുക്കുമ്പോഴും റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിനെ അത് ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പണലഭ്യത മുൻനിർത്തി ഈ സാമ്പത്തികവർഷം ഇതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മൂന്നുലക്ഷം കോടി രൂപയുടെ കടപ്പത്രങ്ങൾ ദ്വിതീയ വിപണിയിൽനിന്ന് ആർ.ബി.ഐ. വാങ്ങിയിട്ടുണ്ട്. എന്നാൽ മറ്റു കേന്ദ്രബാങ്കുകളെപ്പോലെ ആർ.ബി.ഐ.യുടെ ബാലൻസ് ഷീറ്റിനെ അത് ബാധിക്കാനിടവരുത്തിയിട്ടില്ല. ആർ.ബി.ഐ.യുടെ പ്രധാന മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.