ചെന്നൈ: തമിഴ്‌നാട്ടിൽ ഡി.എം.കെ.യും കോൺഗ്രസും സീറ്റ് വിഭജന ചർച്ച തുടങ്ങി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി. സംഘം ഡി.എം.കെ. നേതാക്കളുമായി ചർച്ച നടത്തി. 30-ൽ കുറയാതെ സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ഇതരസഖ്യകക്ഷികളുമായി നടത്തുന്ന ചർച്ചകൾക്കുശേഷം സീറ്റുകളുടെ എണ്ണം തീരുമാനിക്കാമെന്നാണ് ഡി.എം.കെ.യുടെ മറുപടി. ജനറൽ സെക്രട്ടറി ദുരൈമുരുകൻ, ഖജാൻജി ടി.ആർ. ബാലു, കനിമൊഴി എം.പി. എന്നിവരാണ് ഡി.എം.കെ.ക്ക്‌ വേണ്ടി ചർച്ചയിൽ പങ്കെടുത്തത്.

കോൺഗ്രസിന്റെ ആവശ്യങ്ങൾ ഡി.എം.കെ. നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്നും അവരുടെ തീരുമാനം പിന്നീട് അറിയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മത്സരിക്കാൻ താത്പര്യപ്പെടുന്ന മണ്ഡലങ്ങളും ഡി.എം.കെ. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, തമിഴ്‌നാടിന്റെ സംഘടനാ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവു, ടി.എൻ.സി.സി. അധ്യക്ഷൻ കെ.എസ്. അഴഗിരി എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റുകൾ കോൺഗ്രസിന് നൽകിയിരുന്നു. ഇത്തവണ 20-ൽ താഴെ സീറ്റ് നൽകാമെന്ന നിലപാടിലാണ് ഡി.എം.കെ. ദേശീയപാർട്ടിയെന്ന നിലയിൽ കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

234 സീറ്റുകളിൽ 180 സീറ്റുകളിൽ മത്സരിക്കാനാണ് ഡി.എം.കെ. തീരുമാനം. ബാക്കി 54 സീറ്റുകൾ കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ., മുസ്‌ലിംലീഗ് തുടങ്ങിയ സഖ്യകക്ഷികൾക്കായി വീതിക്കും. വിജയകാന്തിന്റെ ഡി.എം.ഡി.കെ., പി.എം.കെ. തുടങ്ങിയ കക്ഷികൾ സഖ്യത്തിൽ ചേർന്നാൽ ഇൗ സമവാക്യം പൊളിച്ചെഴുതേണ്ടിവരും.