മൈസൂരു: കോൺഗ്രസും ജെ.ഡി.എസും സഖ്യം അവസാനിപ്പിച്ചതോടെ ചരിത്രത്തിലാദ്യമായി മൈസൂരു കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തു. ബുധനാഴ്ച നടന്ന മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സുനന്ദ പലനേത്ര വിജയിച്ചു. 1983 മുതലുള്ള മേയർ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ജെ.ഡി.എസും മാത്രമായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണയും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം തുടരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അവസാനനിമിഷം ജെ.ഡി.എസ്. സഖ്യം ഒഴിവാക്കി സ്വന്തം മേയർസ്ഥാനാർഥിയെ നിർത്തിയത് ബി.ജെ.പി. അധികാരത്തിലെത്തുന്നതിന് വഴിയൊരുക്കി.

ഏറ്റവുമൊടുവിൽനടന്ന കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 65 സീറ്റുകളിൽ 22 എണ്ണം നേടിയ ബി.ജെ.പി.യാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷി. എന്നാൽ, കോൺഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കിയതോടെ കഴിഞ്ഞ രണ്ടുവർഷമായി അധികാരത്തിനുപുറത്തായിരുന്നു ബി.ജെ.പി.

മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സുനന്ദയ്ക്ക് 26 വോട്ടുകളും കോൺഗ്രസിന്റെ എച്ച്.എം. ശാന്തകുമാരിക്കും ജെ.ഡി.എസിന്റെ അശ്വനി അനന്തുവിനും 22 വോട്ടുകൾ വീതവും ലഭിച്ചു. 22 കോർപ്പറേറ്റർമാർ, രണ്ട് എം.എൽ.എ.മാർ, ഒരു എം.പി., ഒരു സ്വതന്ത്ര കോർപ്പറേറ്റർ എന്നിവരാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചത്. 19 കോർപ്പറേറ്റർമാർ, ഒരു എം.എൽ.എ., രണ്ട് സ്വതന്ത്ര കോർപ്പറേറ്റർമാർ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചു. 17 കോർപ്പറേറ്റർമാർ, രണ്ട് എം.എൽ.സി.മാർ, ഒരു ബി.എസ്.പി. കോർപ്പറേറ്റർ, രണ്ട് സ്വതന്ത്ര കോർപ്പറേറ്റർമാർ എന്നിവരാണ് ജെ.ഡി.എസിന് വോട്ടുനൽകിയത്. ജെ.ഡി.എസ്. അംഗങ്ങളായ ചാമുണ്ഡേശ്വരി എം.എൽ.എ. ജി.ടി. ദേവഗൗഡ, എം.എൽ.സി. സന്ദേശ് നാഗരാജ് എന്നിവരാണ് വിട്ടുനിന്നത്.

മൈസൂരുവിലെ 59-ാം വാർഡിൽനിന്നുള്ള മുതിർന്ന കോർപ്പറേറ്ററും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ബന്ധുവുമാണ് പുതിയ മേയറായ സുനന്ദ പലനേത്ര. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സുനന്ദയെ അഭിനന്ദനമറിയിച്ചു. അടുത്ത മേയർ തിരഞ്ഞെടുപ്പ് 2022 ഫെബ്രുവരിയിൽ നടക്കും. അതിനാൽ, ആറുമാസമാണ് പുതിയ മേയർക്ക് ലഭിക്കുക. ഈവർഷം ഫെബ്രുവരിയിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ജെ.ഡി.എസ്. അംഗം രുക്മിണി മാദേഗൗഡ അയോഗ്യയായതിനെത്തുടർന്നാണ് ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്.