മുംബൈ: ലോകപ്രശസ്ത സാമൂഹികശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശപ്രവർത്തകയുമായ ഗെയിൽ ഓംവെറ്റ് അന്തരിച്ചു. 81 വയസ്സായിരുന്നു. സാമൂഹികശാസ്ത്രജ്ഞ, ഗവേഷക, അധ്യാപിക, മനുഷ്യാവകാശപ്രവർത്തക. ജാതിവിരുദ്ധ-ദളിത് മുന്നേറ്റപ്രസ്ഥാനം, സ്ത്രീസമത്വ പോരാട്ടം, പരിസ്ഥിതി ഇടപെടലുകൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയയാണ്. ഈ മേഖലകളിലെ മികച്ച ഗ്രന്ഥങ്ങളുടെ കർത്താവായ ഗെയിൽ ഓംവെറ്റ്‌ മനുഷ്യാവകാശസമരങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു.

ഭർത്താവും സാമൂഹികപ്രവർത്തകനുമായ ഭരത് പതങ്കറുമൊത്ത് സ്ഥാപിച്ച ‘ശ്രമിക് മുക്തി ദളി’നൊപ്പം അവസാനംവരെ സജീവമായിരുന്നു. കേരളത്തിലെ ഒട്ടേറെ മനുഷ്യാവകാശപോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൊയ്‌ന അണക്കെട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാർക്കുവേണ്ടി പോരാട്ടരംഗത്തുണ്ടായിരുന്നു.

അമേരിക്കയിലെ മിനിയപോളിസിൽ ജനിച്ച് അവിടെ കോളേജ് വിദ്യാർഥിയായിരിക്കെയാണ് സാമൂഹിക സേവനരംഗത്ത് സജീവമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു പോരാട്ടം. ഗവേഷണത്തിന്റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയിലെത്തിയ അവർ മഹാത്മ ഫുലെയുടെ പ്രവർത്തനം പഠിച്ച് അതിൽ ആകൃഷ്ടയായി. ‘പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാഹ്മണേതര പ്രസ്ഥാനം’ എന്നതായിരുന്നു പിഎച്ച്.ഡി. വിഷയം.

കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഗെയിൽ ഓംവെറ്റ് 1983-ൽ ഇന്ത്യൻ പൗരത്വം നേടി. സാംഗ്ലിയിലെ കസേഗാവിലായിരുന്നു താമസം. പരിസ്ഥിതി, ലിംഗം, ഗ്രാമീണവികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി., ഓക്സ്‌ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ചു. പുണെ സർവകലാശാലയുടെ സോഷ്യോളജി വിഭാഗത്തിൽ ഫുലെ-അംബേദ്കർ ചെയർ മേധാവിയായിരുന്നു. കോപ്പൻഹേഗൻ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് െപ്രാഫസറായും പ്രവർത്തിച്ചു. കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്‌മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ് അംബേദ്കർ, മഹാത്മ ഫുലെ, ദളിത് ആൻഡ് ഡെമോക്രാറ്റിക് റവലൂഷൻ, അണ്ടർസ്റ്റാന്റിങ് കാസ്റ്റ് എന്നിങ്ങനെ 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മകൾ: പ്രാച്ചി. മരുമകൻ: തേജസ്വി. ശവസംസ്കാരച്ചടങ്ങ് വ്യാഴാഴ്ച സാംഗ്ലിയിലെ കസേഗാവിൽ നടക്കും.