ന്യൂഡൽഹി: ജഡ്ജിമാരുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കാൻ ജുഡീഷ്യൽ സെക്യൂരിറ്റി സർവീസിന് രൂപംനൽകണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ(ബി.സി.ഐ.) ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് അതിന് നടപടി സ്വീകരിക്കണമെന്നും ബി.സി.ഐ. നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.

പാർലമെന്റ് സമുച്ചയത്തിന്റെ സുരക്ഷയ്ക്കായി പാർലമെന്റ് സെക്യൂരിറ്റി സർവീസുണ്ട്. ഇതേ മാതൃകയിൽ ജുഡീഷ്യറിക്ക് പ്രത്യേക സുരക്ഷാസംവിധാനം വേണം. അടുത്തകാലത്തായി നീതിന്യായ സംവിധാനങ്ങൾ വലിയ ഭീഷണിയും ബ്ലാക്‌മെയിലും നേരിടുന്നുണ്ട്. അതിനാൽ പിഴവുകളില്ലാത്ത സുരക്ഷാ സംവിധാനം ജുഡീഷ്യറിക്ക് വേണ്ടി ഒരുക്കണം.

ജാർഖണ്ഡിലെ ജഡ്ജിയെ അടുത്തിടെ വാഹനമിടിച്ച് കൊലപ്പെടുത്തിയ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ബി.സി.ഐ. സത്യവാങ്മൂലം നൽകിയത്.