ലക്നൗ/അലിഗഢ്‌: മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച വി.സി. താരിഖ് മൻസൂറിന്റെ പ്രസ്താവനയെ കുറ്റപ്പെടുത്തി അലിഗഢ്‌ സർവകലാശാല കാമ്പസിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലേത് താലിബാൻ ചിന്തയെന്ന് ഉത്തർപ്രദേശ് സർക്കാർ.

“ഭാരതീയ സംസ്കാരത്തിന് ചേർന്നതായിരുന്നു വി.സി.യുടെ പ്രസ്താവന, അതിനെതിരേ ഇത്തരം പോസ്റ്ററുകൾ പതിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കാനാണ്. താലിബാനി ചിന്തകളുള്ള ചില വ്യക്തികൾ അവിടെയുണ്ടെങ്കിൽ അതിനനുസരിച്ച് അവരോട് പ്രതികരിക്കും.” സംസ്ഥാന ന്യൂനപക്ഷ ക്ഷേമമന്ത്രി മൊഹ്സിൻ റാസ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

‘കുറ്റവാളിക്കുവേണ്ടി പ്രാർഥിക്കുന്നത് ക്ഷമിക്കാനാകാത്ത കുറ്റമാണ്’ എന്നെഴുതിയ പോസ്റ്ററുകൾ സർവകലാശാല വിദ്യാർഥികളുടെ പേരിലാണ് കാമ്പസിൽ പ്രത്യക്ഷപ്പെട്ടത്. സിങ്ങിന്റെ നിര്യാണത്തിൽ വി.സി.യുടെ പ്രസ്താവന ലജ്ജാകരവും തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും പോസ്റ്ററിലുണ്ട്.