ന്യൂഡൽഹി: താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യ ലക്ഷ്യമാക്കി ഭീകരപ്രവർത്തനങ്ങളുണ്ടായാൽ കർശനമായി തടയുമെന്ന് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്.

താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുക്കുമെന്ന് ഇന്ത്യ മുൻകൂട്ടി കണ്ടിരുന്നു. എങ്കിലും അടുത്തകാലത്തെ സംഭവവികാസങ്ങളുടെ വേഗം അദ്‌ഭുതപ്പെടുത്തുന്നതായിരുന്നു. 20 വർഷമായിട്ടും താലിബാൻ സംഘടനയ്ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. അവരുടെ പങ്കാളികൾമാത്രമാണ് മാറിയത് -റാവത്ത് പറഞ്ഞു.

ഒബ്‌സർവ് റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.

മേഖലയിൽ ഭീകരപ്രവർത്തനം ഇല്ലാതാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് റാവത്ത് വ്യക്തമാക്കി. ഇതിനുള്ള എല്ലാ മുൻകരുതലുകളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. അഫ്ഗാനിസ്താനിൽ നിലയുറപ്പിച്ചിട്ടുള്ള ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകൾ ഇന്ത്യക്ക്‌ വെല്ലുവിളിയാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു റാവത്തിന്റെ പ്രതികരണം.

യഥാർഥ നിയന്ത്രണരേഖയിലെ പരമാധികാരത്തിലും ദക്ഷിണചൈനാ കടലിലെ സുരക്ഷയിലും ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ സംവാദത്തിൽ പങ്കെടുത്ത യു.എസ്. ഇൻഡോ-പസഫിക് കമാൻഡ് അഡ്മിറൽ കമാൻഡർ ജോൺ അക്വിനോ ചൂണ്ടിക്കാട്ടി. ചൈനയുടെ പേരെടുത്തുപറയാതെയാണ് ഇന്ത്യയുടെ അടിസ്ഥാന സുരക്ഷാവെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചത്.