അഹമ്മദാബാദ്: നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിൽ ചോർച്ചയെത്തുടർന്ന് ജലനിരപ്പ് താഴ്ത്തി അറ്റകുറ്റപ്പണി നടത്തി. അണക്കെട്ടിൽ വെള്ളം നിറയ്ക്കാൻ ഗുജറാത്ത് സർക്കാർ തിടുക്കം കാട്ടിയതാണ് പ്രശ്നമുണ്ടാക്കിയതെന്ന് നർമദാ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ കുറ്റപ്പെടുത്തി.

നർമദ നിയന്ത്രണ അതോറിറ്റിക്ക് ഗുജറാത്ത് നൽകിയ അപേക്ഷയെത്തുടർന്ന് ഡാം സുരക്ഷാവിഭാഗം കഴിഞ്ഞമാസം പരിശോധന നടത്തിയിരുന്നു. അതോറിറ്റിയിൽ സർക്കാരിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച രേഖകൾ മേധ ഭോപാലിലെ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു. ‘അണക്കെട്ടിൽ കടുത്ത ചോർച്ചയുണ്ട്. ഇതു തുടർന്നാൽ കോൺക്രീറ്റ് നഷ്ടപ്പെടാനും സുരക്ഷാപ്രശ്നമുണ്ടാകാനും സാധ്യതയുണ്ട്. പലയിടത്തും വെള്ളം കുതിച്ചൊഴുകുന്ന സ്ഥിതിയുണ്ട്.’ -റിപ്പോർട്ടിൽ പറയുന്നു. 2017-ൽ അണക്കെട്ടിന്റെ സംഭരണ ശേഷി പൂർണമാക്കിയിരുന്നു. 2019-ൽ മധ്യപ്രദേശിന്റെ എതിർപ്പ് വകവെക്കാതെ വേഗത്തിൽ അണക്കെട്ടിൽ വെള്ളം നിറച്ചതായും മേധ പട്കർ ചൂണ്ടിക്കാട്ടി.

എന്നാൽ, സാധാരണ നിലയിലുള്ള ചോർച്ച മാത്രമാണെന്നും അറ്റകുറ്റപ്പണികൾ നടത്തിയതായും ഡാമിന്റെ ചീഫ് എൻജിനിയർ ആർ.എം. പട്ടേൽ പറഞ്ഞു. ഏതൊരു അണക്കെട്ടിലും പതിവുള്ളതാണ് ഇത്. എന്നാൽ, ചില താത്പര്യക്കാർ പതിവ് വിമർശങ്ങൾ തുടരുകയാണെന്നും പട്ടേൽ ആരോപിച്ചു.