കൊൽക്കത്ത: പൊതുആസ്തികൾ സ്വകാര്യമേഖലയ്ക്കുകൈമാറി ധനസമാഹരണം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിക്കെതിരേ രൂക്ഷവിമർശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിൽക്കാൻ ശ്രമിക്കുന്ന ആസ്തികൾ രാജ്യത്തിന്റെ സ്വത്താണെന്നും മോദിയുടെയോ ബി.ജെ.പിയുടേയോ വകയല്ലെന്നും മമത തുറന്നടിച്ചു.

‘‘നിർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ് ഈ പദ്ധതി. ദേശീയ ആസ്തികൾ തോന്നുംപടി വിൽക്കാൻ ഇവർക്ക് ആരും അനുമതി നൽകിയിട്ടില്ല. ഈ തീരുമാനത്തിൽ ബി.ജെ.പി. സ്വയം ലജ്ജിക്കണം. രാജ്യം ഒറ്റക്കെട്ടായിനിന്ന് ഈ നടപടിയെ എതിർക്കണം’’ പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ മമത പറഞ്ഞു. ഇത്തരത്തിൽ ആസ്തികൾ വിറ്റുകിട്ടുന്ന പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്കാണ് ഉപയോഗിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.