കൊൽക്കത്ത: തൃണമൂൽ സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ ‘ദുവാരെ സർക്കാരി’ന്റെ പദ്ധതികളിലേക്കുള്ള അപേക്ഷ പൂരിപ്പിക്കാൻ ജനങ്ങൾക്ക് സി.പി.എം. സഹായം. പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ചുവപ്പ് വൊളന്റിയർമാരാണ് സഹായവുമായി മുന്നോട്ടുവന്നത്.

‘ദുവാരെ സർക്കാരി’ന്റെ വനിതാക്ഷേമ പദ്ധതിയായ ‘ലക്ഷ്മി ഭണ്ഡാറി’ന്റെ അപേക്ഷകളാണ് ചുവപ്പ് വൊളന്റിയർമാർ പൂരിപ്പിച്ചുകൊടുത്തത്. നാദിയ ജില്ലയിലെ റാണാഘട്ടിൽ നടന്ന ദുവാരെ സർക്കാർ ക്യാമ്പിൽ ഒട്ടേറെ വനിതകൾ ഈ സേവനം പ്രയോജനപ്പെടുത്തി. പൊതുവിഭാഗത്തിലെ വനിതകൾക്ക് 500 രൂപയും സംവരണ വിഭാഗത്തിലെ വനിതകൾക്ക് 1000 രൂപയും പ്രതിമാസ സഹായം നൽകുന്നതാണ് പദ്ധതി. ഇതിൽ പേര് നൽകാൻ സ്ത്രീകളുടെ വൻ തിരക്കാണ്.

സർക്കാർ പദ്ധതി പ്രകാരം ജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ കൈപ്പറ്റാൻ അവരെ സഹായിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് സി.പി.എം. നിലപാട്. എന്നാൽ, ജനങ്ങളുമായി താഴത്തെട്ടിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.