ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ സ്ഥാനത്തുനിന്നു നീക്കാനുള്ള വിമതരുടെ നീക്കം തള്ളി കോൺഗ്രസ്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അമരീന്ദർ സിങ് തന്നെ നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാവ് ഹരീഷ് റാവത്ത് അറിയിച്ചു.

നേരത്തേ 20 എം.എൽ.എ.മാർ ഉൾപ്പെടെയുള്ള വിമതനേതാക്കളുടെ സംഘം ദെഹ്റാദൂണിലെത്തി റാവത്തിനെകണ്ട് അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത അമരീന്ദർ നയിച്ചാൽ പാർട്ടിക്ക് അധികാരം നഷ്ടമാകുമെന്ന് എം.എൽ.എ.മാർ പറഞ്ഞു.

ചൊവ്വാഴ്ച അമരീന്ദറിന്റെ രാജി ആവശ്യപ്പെട്ട് ചേർന്ന യോഗത്തിൽ നാലുമന്ത്രിമാർ ഉൾപ്പെടെ 23 എം.എൽ.എ.മാർ പങ്കെടുത്തിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകരെ കണ്ട ശേഷമായിരുന്നു എം.എൽ.എ.മാരുടെ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.

സിദ്ദുവിന്റെ രണ്ട് ഉപദേശകർ പാകിസ്താൻ, കശ്മീർ വിഷയങ്ങളിൽ നടത്തിയ പ്രതികരണം അപലപനീയമാണെന്നും ഇത്തരം വിഷയങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്നും അമരീന്ദർ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ വിമതനീക്കം ശക്തമായത്.