മുംബൈ: കോൺഗ്രസ്, ഭൂമിയും ഖനികളുമുൾപ്പെടെ രാജ്യത്തിന്റെ ആസ്തികൾ വിറ്റ് കോഴ കൈപ്പറ്റിയത് എല്ലാവർക്കുമറിയാവുന്നതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.

കഴിഞ്ഞദിവസം ധനമന്ത്രി പ്രഖ്യാപിച്ച ദേശീയ ധനസമാഹരണപദ്ധതി, രാജ്യത്തെ വിറ്റുതുലയ്ക്കാനുള്ളതാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പൊതു ആസ്തികൾ വിറ്റ് ധനസമാഹരണം നടത്താനുള്ള ശുപാർശകൾ വന്നപ്പോൾ രാഹുൽ അത് കീറിയെറിയാതിരുന്നത് എന്തുകൊണ്ടാണ്?. ഇത്തരമൊരു നീക്കം ആവശ്യമായിവന്നത് ഏതു സാഹചര്യത്തിലാണെന്ന് അദ്ദേഹത്തിനു മനസ്സിലാകുമോയെന്നും നിർമല ചോദിച്ചു. മുംബൈയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

മുംബൈ-പുണെ എക്സ്പ്രസ് വേ 2008-ൽ 8000 കോടി രൂപയ്ക്കാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വിറ്റഴിച്ചതെന്ന് അവർ ഓർമിപ്പിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ പാട്ടത്തിനുനൽകാനുള്ള നിർദേശം കൊണ്ടുവന്നതും യു.പി.എ. സർക്കാരാണ്.

ഇപ്പോഴത്തെ ധനസമാഹരണത്തിൽ ആസ്തികൾ വിൽക്കുന്നില്ല. നിശ്ചിത കാലത്തിനുശേഷം ഇവ സർക്കാരിനു മടക്കിലഭിക്കും. നിർമാണം പൂർത്തിയാക്കിയിട്ടും അധികം ഉപയോഗിക്കാതെ കിടക്കുന്ന ആസ്തികളാണ് ഇത്തരത്തിൽ പാട്ടത്തിനുനൽകുന്നത്. ഇതിലൂടെ ഈ ആസ്തികൾ പരമാവധി വിനിയോഗിക്കാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.