ന്യൂഡൽഹി: അപ്രന്റിസ്ഷിപ്പും ഇൻഡസ്ട്രിയൽ ട്രെയിനിങ്ങും ഉൾപ്പെടുത്തിയുള്ള ബിരുദകോഴ്‌സുകൾ ആരംഭിക്കാൻ യൂണിവേഴ്‌സിറ്റികൾക്കും കോളേജുകൾക്കും യു.ജി.സി. അനുവാദം നൽകി.

സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ, വ്യവസായികളുടെ ഐക്യവേദിയായ ഫിക്കി, സി.ഐ.ഐ. എന്നിവയുമായി കൂടിയാലോചിച്ച് സ്ഥാപനങ്ങൾക്ക് കോഴ്‌സുകൾ സ്വന്തമായി രൂപകൽപ്പനചെയ്യാം. വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുമായി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാം.

വേഗത്തിൽ തൊഴിൽലഭിക്കാൻ ഇത്തരം കോഴ്‌സുകൾ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. അത്യാവശ്യം പരിശീലനംനേടിയവരെ വ്യവസായമേഖലയ്ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം കോഴ്‌സ് ചെയ്യുന്നവർക്ക് അതിന്റെ ഭാഗമായി ഒരു വർഷത്തെയെങ്കിലും പരിശീലനം ലഭിക്കും. ഓരോ യൂണിവേഴ്‌സിറ്റിയും ആരംഭിക്കാൻ പോകുന്ന കോഴ്‌സുകളുടെയും ബന്ധപ്പെടുന്ന വ്യവസായ മേഖലയുടെയും വിശദാംശങ്ങൾ അടുത്തമാസത്തോടെ അറിയിക്കണമെന്ന് യു.ജി.സി. ആവശ്യപ്പെട്ടിട്ടുണ്ട്.