ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ മികച്ച സാമാജികനായി തിരഞ്ഞെടുത്ത് കർണാടക നിയമസഭ. ഇതാദ്യമായാണ് സംസ്ഥാന നിയമസഭ ഇങ്ങനെയൊരു പുരസ്കാരം ഏർപ്പെടുത്തുന്നത്. ലോക്‌സഭാ സ്പീക്കർ ഓം ബിർള യെദ്യൂരപ്പയ്ക്ക് പുരസ്കാരം സമ്മാനിച്ചു.

കർണാടക നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാനദിവസമായ വെള്ളിയാഴ്ചയായിരുന്നു പുരസ്കാരപ്രഖ്യാപനം. നിയമസഭയുടെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ ലോക്‌സഭാ സ്പീക്കർ ഓംബിർളയുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഓംബിർളയുടെ നിർദേശപ്രകാരമാണ് ഈ പുരസ്കാരം ഏർപ്പെടുത്തുന്നതെന്ന് പുരസ്കാരം പ്രഖ്യാപിച്ച നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി പറഞ്ഞു. എല്ലാ വർഷവും നിയമസഭയിലെ മികച്ച സാമാജികനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകും. മന്ത്രിമാരെ ഇതിൽ ഉൾപ്പെടുത്തില്ലെന്നും സ്പീക്കർ അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സംസ്ഥാന ബി.ജെ.പി.യിലെ അതികായനായ യെദ്യൂരപ്പയ്ക്ക് പാർട്ടിയും സർക്കാരും നൽകുന്ന ബഹുമാനമായി പുരസ്കാരം. അദ്ദേഹത്തെ പിണക്കാതെ ഒപ്പം നിർത്തുന്നതിനുള്ള തന്ത്രം കൂടിയാണിത്. കഴിഞ്ഞ ജൂലായ് 26-നായിരുന്നു യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചത്. താൻ സ്വന്തം നിലയ്ക്കാണ് സ്ഥാനമൊഴിഞ്ഞതെന്നും ആരുടെയും പ്രേരണ ഇതിലില്ലെന്നും വ്യാഴാഴ്ച യെദ്യൂരപ്പ നിയമസഭയിൽ ചർച്ചയ്ക്കിടെ പറഞ്ഞു. പാർട്ടിയെ അടുത്തതവണയും അധികാരത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.