മുംബൈ: ആര്യൻഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻ.സി.ബി.) മുതിർന്ന ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കെതിരേ ഗുരുതര ആരോപണവുമായി കേസിലെ സാക്ഷി പ്രഭാകർ സെയ്ൽ. കേസിലെ സ്വകാര്യ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ കെ.പി. ഗോസാവിയും വാംഖഡെയും ഗൂഢാലോചന നടത്തുന്നതും പണം കൈമാറുന്നതും കണ്ടുവെന്നാണ് കെ.പി. ഗോസാവിയുടെ അംഗരക്ഷകരിലൊരാൾകൂടിയായ പ്രഭാകർ സെയ്ൽ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

എൻ.സി.ബി. സോണൽ ഡയറക്ടർ സമീർ വാംഖഡെ അടക്കമുള്ളവർ ചേർന്ന് ഷാരൂഖ് ഖാനിൽനിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു. ഗോസാവിയും സാംഡിസൂസ എന്നയാളും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ട്. ഇതിൽ എട്ട് കോടി രൂപ വാംഖഡെയ്ക്കുള്ളതായിരുന്നു. താനാണ് ഗോസാവിയുടെ കൈയിൽനിന്ന് പണം വാങ്ങി ഡിസൂസയ്ക്ക് നൽകിയത്.- സത്യവാങ്മൂലത്തിൽ പറയുന്നു. ഇക്കാര്യം വെളിപ്പെടുത്തുന്നതോടെ ജീവന് ഭീഷണിയുണ്ടാവാൻ സാധ്യതയുണ്ടെന്നും പ്രഭാകർ പറയുന്നു.

ആരോപണം നിഷേധിക്കുന്നുവെന്നും കൃത്യമായ മറുപടി നൽകുമെന്നും സമീർ വാംഖഡെ പറഞ്ഞു. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എൻ.സി.ബി.യുടെ വാദം. പ്രതിച്ഛായ തകർക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ശ്രമിക്കുന്നതെന്ന് എൻ.സി.ബി. വൃത്തങ്ങൾ പറഞ്ഞു. എൻ.സി.ബി.യുടെ കെട്ടിടത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ സംശയാസ്പദമായി ഒരു കൈമാറ്റവും ഇവിടെ നടന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. നർക്കോട്ടിക്സ് കൺട്രോൾ ആൻഡ് സൈക്കോട്രോഫിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്.) കോടതിയിൽ സത്യവാങ്മൂലം ഹാജരാക്കട്ടെയെന്നും പ്രതികരണം അവിടെ നൽകാമെന്നുമാണ് എൻ.സി.ബി. വ്യക്തമാക്കുന്നത്.