ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയവരിൽ രണ്ടുപേർ മരിച്ചു. രണ്ടുപേരെ രക്ഷിച്ചുവെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു. ഈ മരണത്തോടെ മോശം കാലാവസ്ഥമൂലം ജമ്മുകശ്മീരിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

സിന്തൻ ചുരത്തിൽ കുടുങ്ങിപ്പോയവരെയാണ് ശനിയാഴ്ച രാത്രി നാട്ടുകാരും പോലീസും ദുരന്തപ്രതികരണസേനയും ചേർന്ന് രക്ഷിച്ചത്. പാതകളിൽനിന്ന് യന്ത്രസഹായത്തോടെ മഞ്ഞുനീക്കി മൂടൽമഞ്ഞ്‌ അതിജീവിച്ച് 30 കിലോമീറ്റർ വാഹനത്തിലും എട്ടുകിലോമീറ്റർ നടന്നുമാണ് ആളുകൾ കുടുങ്ങിപ്പോയ ഇടത്ത് രക്ഷാപ്രവർത്തകസംഘം എത്തിയത്. സംഘമെത്തിയപ്പോൾ ഇവരിൽ ഒരാൾ മരിച്ചിരുന്നു. മറ്റെയാൾ മടക്കയാത്രയ്ക്കിടെയാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. രക്ഷപ്പെടുത്തിയ രണ്ടുപേർ ചികിത്സയിലാണ്.

തെക്കൻ കശ്മീരിലെ ഉയർന്നപ്രദേശങ്ങളിൽ ശനിയാഴ്ച തുടങ്ങിയതാണ് മഞ്ഞുവീഴ്ച. തലേന്നുരാത്രി മഞ്ഞിലും മഴയിലും കുന്നിടിഞ്ഞ് നാടോടിക്കൂടാരത്തിനുമേൽ വീണ് പുൽവാമ ജില്ലയിലെ നൂർപുരയിൽ മൂന്നുപേർ മരിക്കുകയുണ്ടായി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.