ബെംഗളൂരു: വ്യത്യസ്ത മതത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രണയത്തിന്റെപേരിൽ കർണാടകത്തിൽ വീണ്ടും കൊലപാതകം. വിജയപുര ജില്ലയിലെ അലമേല താലൂക്കിലുള്ള ബലഗനൂർ ഗ്രാമത്തിൽ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അലമേല സ്വദേശി രവി നിംബരാഗി(34)യാണ് മരിച്ചത്. ഇദ്ദേഹവുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. രവിയെ കൊലപ്പെടുത്തിയശേഷം കിണറ്റിൽ തള്ളുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

മറ്റൊരുമതത്തിൽപ്പെട്ട ഇരുപത്തി നാലുകാരിയുമയി രവി നാലു വർഷമായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തെ യുവതിയുടെ കുടുംബം എതിർത്തിരുന്നെന്നും ജില്ലാ പോലീസ് സൂപ്രണ്ട് എച്ച്.ഡി. അനന്തകുമാർ പറഞ്ഞു. ഇതാണ് കൊലപാതകത്തിന്‌ കാരണമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങൾവാങ്ങാൻ പോയ രവിയെ കാണാതായി. തുടർന്ന്, തന്റെ വീട്ടിലുള്ളവരുടെ ഭീഷണി രവിക്കുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. ഇതിൽ കേസെടുത്ത പോലീസ് വെള്ളിയാഴ്ച യുവതിയുടെ സഹോദരനെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് പ്രദേശത്തെകിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയെ ജില്ലയിലെ സർക്കാർ സാന്ത്വനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞമാസം 28-ന് ബലഗാവിയിൽ ഇതര മതക്കാരിയായ യുവതിയുമായുള്ള ബന്ധത്തിന്റെപേരിൽ അർബാസ് അഫ്താബ് മുല്ല (24) എന്നയാളെ കൊലപ്പെടുത്തിയിരുന്നു. അഫ്താബിന്റെ മൃതദേഹം റെയിൽവേ പാളത്തിലാണ് കണ്ടെത്തിയത്. യുവതിയുടെ രക്ഷിതാക്കളേയും ശ്രീരാമസേന ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ നേതാവുമുൾപ്പെടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ കുടുംബം അഫ്താബിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. അഞ്ച് ലക്ഷം രൂപയ്ക്ക് ശ്രീരാമസേന ഹിന്ദുസ്ഥാൻ നേതാവിനാണ് ക്വട്ടേഷൻ നൽകിയതെന്നും കണ്ടെത്തിയിരുന്നു.