അഹമ്മദാബാദ്: കോവിഡ് പ്രതിരോധവാക്സിനെടുക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ പിടികൂടാൻ അഹമ്മദാബാദ് കോർപ്പറേഷൻ നൂറു സംഘങ്ങളെ നിയോഗിച്ചു. പൊതുസ്ഥലങ്ങളിൽ മിന്നൽപ്പരിശോധന നടത്തിയാണ് ഇവർ വാക്സിൻ ‘വെട്ടിപ്പുകാരെ’ കണ്ടെത്തുക.

ബസുകൾ, മാളുകൾ, തിയേറ്ററുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ വാക്സിനേഷൻരേഖകൾ ഹാജരാക്കാത്തവരെ പ്രവേശിപ്പിക്കരുതെന്ന് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് കൃത്യമായി പാലിക്കാത്തതിനാലാണ് ഏഴ് മേഖലകളിലും പരിശോധനാ സംഘങ്ങളെ നിയോഗിച്ചത്. ആദ്യദിവസം 180 കേന്ദ്രങ്ങളിലായി മൂവായിരംപേരെ പരിശോധിച്ചതിൽ 28 പേരെ വാക്സിൻ എടുക്കാത്തവരായി കണ്ടെത്തി. ഇവരെ മുന്നറിയിപ്പ് നൽകി സ്ഥലത്തു നിന്നും ഒഴിപ്പിച്ചു. നഗരത്തിൽ നാലുലക്ഷംപേർ സമയപരിധി കഴിഞ്ഞിട്ടും രണ്ടാംഡോസ് എടുക്കാത്തവരായുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.