കൊൽക്കത്ത: പശ്ചിമബംഗാളിലെ എല്ലാ നഗരസഭാ-കോർപ്പറേഷനുകളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പശ്ചിമബംഗാൾ ബി.ജെ.പി. കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി വാദംകേൾക്കാതെ മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയതുമില്ല.

കോവിഡ് മൂലം ഒന്നരവർഷത്തോളമായി മാറ്റിവെച്ച നഗരസഭാ-കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ ഘട്ടംഘട്ടമായി നടത്താനാണ് സംസ്ഥാന സർക്കാരിന്റെ ശുപാർശ. അതുപ്രകാരം ആദ്യഘട്ടമായി കൊൽക്കത്ത, ഹൗറ കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുകയാണ്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് സംസ്ഥാനവ്യാപകമായി ഒരേസമയം നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി. ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി തടസ്സം പറഞ്ഞിട്ടില്ലാത്തതിനാൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മിഷന് നിയമതടസ്സമില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.