മുംബൈ: അനധികൃത പണമിടപാടുകേസിൽ ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമിക്കെതിരേ നിയമസഭയിൽ അവകാശലംഘനപ്രമേയം കൊണ്ടുവരുകയും നടി കങ്കണ റണൗട്ടിനെ അടിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത നായിക്കിനെതിരായ നടപടി കേന്ദ്രസർക്കാരിന്റെ പ്രതികാരമാണെന്നാണ് ശിവസേനയുടെ വാദം.
ശിവസേനയുടെ സംസ്ഥാനവക്താക്കളിൽ ഒരാളും താനെയിലെ ഒവാല-മാജിവാഡയിൽനിന്നുള്ള എം.എൽ.എ.യുമായ സർനായിക്കിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള പത്തോളം സ്ഥാപനങ്ങളുടെ ഓഫീസുകളിലും ചൊവ്വാഴ്ച രാവിലെയാണ് ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ സർനായിക്ക് സ്ഥലത്തുണ്ടായിരുന്നില്ല. നാലുമണിക്കൂർനീണ്ട തിരച്ചിലിനുശേഷം, വീട്ടിലുണ്ടായിരുന്ന മകൻ വിഹംഗ് സർനായിക്കിനെ ഇ.ഡി. കസ്റ്റഡിയിലെടുത്തു.
നഗരത്തിൽ സെക്യൂരിറ്റിസർവീസ് നടത്തുന്ന ടോപ്‌സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. വൃത്തങ്ങൾ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രൊമോട്ടർമാരിലൊരാളാണ് വിഹംഗ് സർനായിക്ക്. കേസിന്റെ വിശദാംശങ്ങൾ ഇ.ഡി. വെളിപ്പെടുത്തിയിട്ടില്ല. സർനായിക്ക് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.
സർനായിക്കിന്റെ വസതിയിലെ റെയ്ഡ് കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടിയാണെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. ആത്മഹത്യാപ്രേരണക്കേസിൽ റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമിക്കെതിരേ പുനരന്വേഷണം നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടയാളാണ് സർനായിക്. മഹാരാഷ്ട്ര നിയമസഭയിൽ അർണബിനെതിരേ അവകാശ ലംഘനപ്രമേയം കൊണ്ടുവന്നതും സർനായിക് ആയിരുന്നു. മുംബൈ നഗരത്തെ പാക് അധീന കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണൗട്ടിന്റെ മുഖത്തടിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
രാഷ്ട്രീയ എതിരാളികൾക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന സംഭവങ്ങളിൽ ഏറ്റവും പുതിയതാണ് സർനായിക്കിനെതിരായ നടപടിയെന്ന് ശിവസേനാവക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ഇത്തരം കളികൾ ശിവസേന അവസാനിപ്പിക്കുമെന്ന് പാർട്ടിനേതാവ് സഞ്ജയ് റാവുത്ത് മുന്നറിയിപ്പു നൽകി. കേന്ദ്രസർക്കാരിന്റെ പ്രതികാരനടപടിയാണ് റെയ്ഡിൽ പ്രതിഫലിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. എന്നാൽ, വ്യക്തമായ തെളിവില്ലാതെ ഇ.ഡി. ഇത്തരം നടപടികൾക്ക് മുതിരില്ലെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.