ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയിൽനിന്നുള്ള തിരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ബി.എസ്.എഫിലെ മുൻ ജവാൻ തേജ് ബഹാദൂർ യാദവ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരൻ വാരാണസിയിലെ സ്ഥാനാർഥിയോ വോട്ടറോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.
വാരാണസിയിൽ മത്സരാർഥിയായിരുന്ന തേജ് ബഹാദൂറിന്റെ നാമനിർദേശപത്രിക റിട്ടേണിങ് ഓഫീസർ തള്ളിയിരുന്നു. അഴിമതിക്കോ രാജ്യവിരുദ്ധ പ്രവർത്തനത്തിനോ അല്ല ബി.എസ്.എഫിൽനിന്ന് പുറത്താക്കപ്പെട്ടതെന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ബി.എസ്.എഫ്. ജവാൻമാർക്ക് ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നില്ലെന്നാരോപിച്ച് 2017-ൽ തേജ് ബഹാദൂർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ്ചെയ്ത വീഡിയോ വൈറലായിരുന്നു. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് തേജ് ബഹാദൂറിനെ പിന്നീട് സേനയിൽനിന്ന് പുറത്താക്കി. തുടർന്നാണ് മോദിക്കെതിരേ ഇദ്ദേഹം വാരാണസിയിൽ മത്സരിക്കാനൊരുങ്ങിയത്.