ന്യൂഡൽഹി: കേരളസർക്കാർ കൊണ്ടുവന്ന പോലീസ് നിയമഭേദഗതിയെ വിമർശിച്ച് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്.). ഭേദഗതി റദ്ദാക്കാൻ പുതിയ ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരണമെന്ന് ഐ.എൻ.എസ്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
“ നിയമഭേദഗതി ഇപ്പോൾ നടപ്പാക്കില്ലെന്നും നിയമസഭയിൽ ചർച്ചചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയത് സ്വാഗതാർഹമാണ്. എന്നാൽ, പത്രസ്വാതന്ത്ര്യം ഉറപ്പാക്കണമെങ്കിൽ ഭീതിയുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഈ ഭേദഗതി പിൻവലിക്കണം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്കുള്ള അവകാശത്തെ ഹനിക്കുന്നതാണ് പോലീസ് നിയമഭേദഗതി. അതിനാൽ തിടുക്കത്തിൽ പ്രഖ്യാപിച്ച ഈ നിയമഭേഗതി പിൻവലിക്കാൻ മന്ത്രിസഭ തയ്യാറാവണം” - ഐ.എൻ.എസ്. പ്രസിഡന്റ് എൽ. ആദിമൂലം പ്രസ്താവനയിൽ പറഞ്ഞു. അച്ചടി, ദൃശ്യ, ഡിജിറ്റൽ മാധ്യമങ്ങളെ ബുദ്ധിമുട്ടിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും പോലീസിനും സർക്കാരിനും അനിയന്ത്രിതമായ അധികാരം നൽകുന്നതാണ് ഈ നിർദയമായ ഭേദഗതിയെന്നും ഐ.എൻ.എസ്. കുറ്റപ്പെടുത്തി.