ചെന്നൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രി ഉപകരണങ്ങൾ നിർമിക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് പദ്ധതി. റെയിൽവേയുടെ കോച്ച് ഫാക്ടറികൾ, വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിൽ ഉപകരണങ്ങൾ നിർമിക്കാനാണ് ഉദ്ദേശ്യമെന്ന് റെയിൽവേ ബോർഡിന്റെ ഉത്തരവിൽ പറയുന്നു. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ വെന്റിലേറ്ററുകൾ നിർമിക്കും. റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് മെഡിക്കൽ ഡയറക്ടറുമായി കൂടിയാലോചിച്ചാണ് റെയിൽവേ സോണൽ മാനേജർമാർ ഉപകരണങ്ങൾ നിർമിക്കാനുള്ള തീരുമാനമെടുക്കേണ്ടത്. എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലുള്ള ഉപകരണങ്ങളാണ് നിർമിക്കേണ്ടത്. ആശുപത്രികളിലെ കട്ടിൽ, സ്ട്രെച്ചറുകൾ, ചവിട്ടുപടികൾ, കിടക്കയുടെ സമീപത്തുള്ള ലോക്കറുകൾ, സ്റ്റാൻഡുകളോടുകൂടിയ വാഷ് ബേസിനുകൾ, വെന്റിലേറ്ററുകൾ, മുഖാവരണങ്ങൾ, സാനിറ്റൈസറുകൾ, കുടിവെള്ള ടാങ്കുകൾ എന്നിവയാണ് റെയിൽവേ ഫാക്ടറികളിൽ നിർമിക്കുക.
എതൊക്കെ ഉപകരണങ്ങൾ എതൊക്കെ യൂണിറ്റുകളിൽ നിർമിക്കാൻ സൗകര്യമുണ്ടെന്നു പരിശോധിച്ച് റെയിൽവേ സോണൽ ജനറൽ മാനേജർമാർ ഉടൻ റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകണം. ഉപകരണങ്ങൾ നിർമിക്കാനുള്ള സൗകര്യം എല്ലാ വർക്ക് ഷോപ്പുകളിലുമുണ്ട്. വെന്റിലേറ്ററുകൾ നിർമിക്കാനുള്ള ഒരുക്കങ്ങൾ ഐ.സി.എഫിൽ നടന്നുവരുകയാണ്.